പേരാമ്പ്ര (കോഴിക്കോട്): ഒളിമ്പ്യന്‍ ജിന്സണ് ജോണ്സണ് കായിക മത്സര രംഗത്തു നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ ചക്കിട്ടപാറയിലെ സ്വന്തം വീട്ടില്‍ നിന്ന് സോഷ്യല്‍ മീഡിയ വഴിയായിരുന്നു പ്രഖ്യാപനം. സ്വരം നന്നായിരിക്കുമ്പോള്‍ ഗാനാലാപനം നിര്‍ത്തുന്നതാണ് അഭികാമ്യമെന്ന് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജിന്സണ് ദീപികയോട് പറഞ്ഞു.
ചക്കിട്ടപാറ എന്ന മലയോര ഗ്രാമത്തിന്റെ അഭിമാന സ്തംഭമാണ് ജിന്സണ്. ആദ്യ കായിക ഗുരു കെ.എം. പീറ്ററിന്റെ കൈ പിടിച്ച് ഓട്ടം തുടങ്ങിയ ജിന്സണ് ലോക കായിക താരങ്ങളുടെ സ്വപ്നമായ ഒളിമ്പിക്സില്‍ വരെ എത്തി. 2007 മുതല്‍ 2023വരെ 16 വര്‍ഷക്കാലം ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ വെങ്കലവും വെള്ളിയും സ്വര്‍ണമെഡലുകളുമായി വ്യക്തിമുദ്ര പതിപ്പിച്ചു.
800, 1500 മീറ്റര്‍ ഓട്ടത്തിലാണ് ശ്രദ്ധ പതിപ്പിച്ചത്. കോല്‍ക്കത്തയില്‍ നടന്ന നാഷണല്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ 800 മീറ്റര്‍ ഓട്ടമായിരുന്നു ദേശീയ തലത്തിലെ ആദ്യ മത്സരം. 2023ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയതാണ് അവസാന അന്തര്‍ദേശീയ മത്സരം. ജിവി രാജ, അര്‍ജുന അവാര്‍ഡുകള്‍ അടക്കം നിരവധി ഉപഹാരങ്ങള്‍ ഇതിനോടകം കരസ്ഥമാക്കി.
2015ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്, 2017ലെ ഭുവനേശ്വര്‍ ചാമ്പ്യന്‍ഷിപ്, 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്. 2016ല്‍ നടന്ന റിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. രണ്ട് ദേശീയ റിക്കാര്‍ഡുകള്‍ ഭേദിക്കാന്‍ ജിന്സനു കഴിഞ്ഞു. 2018ല്‍ ഗോഹട്ടിയില്‍ നടന്ന ഇന്റര്‍സ്റ്റേറ്റ് നാഷണല്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ 42 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡും ഇതേ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 1500 മീറ്ററില്‍ 23 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡും മറികടന്നു.
മാര്‍ ഇവാനിയോസ് കോളജിലെ ഡോ. ജോര്‍ജ് ഇമ്മാനുവേല്‍, കരസേനയിലെ മുഹമ്മദ് കുഞ്ഞി, ഒടുവില്‍ ജെ.എസ്. ഭാട്യ എന്നിവരാണ് ജിന്‍സന്റെ കുതിപ്പിനു വഴിയൊരുക്കിയ കായിക ഗുരുക്കന്മാര്. മാതാപിതാക്കളായ ജോണ്‍സണും ഷൈലജയും ഭാര്യ ഡോ. ലക്ഷ്മിയും ആര്‍മിയില്‍ ജൂണിയര്‍ കമാന്‍ഡ് ഓഫീസറായ ജിന്‍സന്റെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നു.